ഞാൻ🌼


 

51 - ആം റാങ്കുമായാണ് ഞാൻ കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിൽ അഡ്മിഷനുവേണ്ടി കടന്നുചെന്നത്. എന്നെക്കൊണ്ട് പഠിച്ച് തീർക്കാൻ പറ്റുന്നതിനേക്കാൾ വലിയൊരു സിലബസാണെന്നു തോന്നലുണ്ടായപ്പോൾ എങ്ങനെയെങ്കിലും കാര്യവട്ടത്തുനിന്നും രക്ഷപ്പെടണമെന്നു തോന്നിയ നാളുകൾ. പക്ഷേ ക്യാമ്പസ് എന്നെ അടിമുടി മാറ്റി. അവിടുത്തെ രണ്ട് വർഷം സ്വയം തിരിച്ചറിയാനും മുന്നോട്ടു പോകാനും പ്രേരിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ JRF നേടാൻ കാരണമായി. എല്ലാം കൊണ്ടും മലയാള വിഭാഗം എന്നെ ജീവിക്കാനും ചിന്തിക്കാനും പഠിപ്പിച്ചു. അപ്പോൾ പറഞ്ഞു വരുന്നത് എന്താ എന്ന് വെച്ചാൽ മലയാളം വിഭാഗത്തിൻ്റെ സിലബസ് കണ്ട് പേടിച്ചോടാൻ നിന്ന , അൻപത്തിയൊന്നാം യോഗ്യതയുമായി റിസർവേഷൻ ക്വാട്ടയിൽ അഡ്മിഷൻ എടുത്ത എനിക്ക് 2021-23 ബാച്ചിലെ ഒന്നാം റാങ്കുകാരിയാവാൻ സാധിച്ചു. വിജയം നേടുക എന്നത് വലിയ അത്ഭുതമൊന്നുമല്ല, പക്ഷേ ചെമ്പഞ്ചേരി പോലൊരു ഉൾഗ്രാമത്തിൽ നിന്നും തിരുവനന്തപുരം വരെ എത്തിച്ച് യോഗ്യത നേടി മടങ്ങിവരാൻ പറ്റുക എന്നത് എൻ്റെ ജനതയുടെ ചരിത്രമാണ്. 'നിങ്ങളൊക്കെ റിസർവേഷൻ ഉള്ളത് കൊണ്ടല്ലേ കേറി വന്നത്' എന്ന് പറയുന്നവർക്ക് അഭിമാനത്തോടെ അത് എൻ്റെ അവകാശമാണെന്നും ഇത് എൻ്റെ അഭിമാനമാണെന്നും പറയാനുള്ള തെളിവാണിത്. തിരഞ്ഞെടുത്തവർ വലിയവരെന്നല്ല പക്ഷേ എന്നെപ്പോലുള്ളവർക്ക് ഇതും വലുതാണ്. കാരണം എൻ്റെ ജനതയുടെ ചരിത്രം തീർത്തും വ്യത്യസ്തമാണ്. സമൂഹത്തിൽ പിടിച്ചു നിൽക്കാനും തഴയപ്പെടലുകളെ ചോദ്യം ചെയ്യാനും എതിർക്കാനുമുള്ള പൊളിറ്റിക്കൽ മൂവ്മെൻ്റാണ് എന്നെപ്പോലുള്ളവരുടെ ഓരോ വിജയവും. എൻ്റെ വഴിയും സോകോൾഡ് ജനതകളുടെ വഴിയും തീർത്തും ഭിന്നമാണ്. അതുകൊണ്ട് ഈ നേട്ടത്തെ തീർത്തും പൊളിറ്റിക്കലി ഞാൻ ആഘോഷിക്കുന്നു.യാത്രയ്ക്കുവേണ്ടി കൂട്ടുനിന്നവർക്ക് നന്ദി. 🙌🏻
പഠിപ്പിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിപ്പിക്കുക💙💙

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌